Wednesday, May 16, 2007

ഹലോ

മലയാള സിനിമയിലെ ഏത്‌ എഴുത്തുകാരുടെയും അടങ്ങാത്ത ആഗ്രഹമാണ്‌ പ്രതിഭകളായ അഭിനേതാക്കള്‍ കേന്ദ്രകഥാപാത്രങ്ങളാകുന്ന പ്രമേയം കണെ്ടത്തുകയെന്നത്‌. ജീവിതത്തിന്റെ സങ്കീര്‍ണത നാടകീയ മുഹൂര്‍ത്തങ്ങള്‍ക്കൊപ്പം നര്‍മത്തില്‍ ചാലിച്ചെടുത്ത്‌ ഒട്ടേറെ തിരക്കഥകള്‍ക്കെഴുതി തുടര്‍ന്ന്‌ സംവിധായകരാവുകയും ചെയ്ത റാഫി മെക്കാര്‍ട്ടിന്റെ സ്വപ്നവും അതുതന്നെയായിരുന്നു.

ഒരു നിയോഗംപോലെ മനസിലെത്തിയ കഥാതന്തുവും കഥാപാത്രവും മലയാളത്തിലെ അഭിനയസാമ്രാട്ടായ മോഹന്‍ലാലിനെ ഏറെ അനുയോജ്യമാണെന്ന്‌ തിരിച്ചറിഞ്ഞപ്പോള്‍ ഉണ്ടായ ആഹ്ലാദത്തിന്‌ അതിരുണ്ടായിരുന്നില്ല. ഒട്ടും വൈകിയില്ല. കഥാപാത്രത്തിന്റെ സ്വഭാവവിശേഷവും മറ്റും മോഹന്‍ലാലിനെ കണ്ട്‌ അറിയിക്കുന്നു. അങ്ങനെ റാഫി മെക്കാര്‍ട്ടിന്റെ ശിവരാമന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാമെന്ന്‌ സമ്മതിക്കുന്നു.റാഫി മെക്കാര്‍ട്ടിന്റെ ആഗ്രഹം സഫലമാകുകയാണ്‌.

മോഹന്‍ലാലിനെ നായകനാക്കി റാഫി മെക്കാര്‍ട്ടിന്‍ തിരക്കഥയെഴുതി സംവിധാനംചെയ്യുന്ന ചിത്രമാണ്‌ 'ഹലോ'. ഒറ്റപ്പാലത്ത്‌ ചിത്രീകരണം ആരംഭിക്കുകയും ഇപ്പോള്‍ ഊട്ടിയില്‍ ഷൂട്ടിംഗ്‌ പുരോഗമിക്കുകയും ചെയ്യുന്ന 'ഹലോ'യില്‍ പ്രശസ്ത പരസ്യമോഡലും താരവുമായ പാര്‍വതി മില്‍ട്ടനാണ്‌ നായികയായി പ്രത്യക്ഷപ്പെടുന്നത്‌.ജിതിന്‍ ആര്‍ട്സിന്റെ ബാനറില്‍ ജോയ്‌ ശക്തികുളങ്ങര നിര്‍മിക്കുന്ന ഈ ചിത്രത്തില്‍ മധു, ജഗതി ശ്രീകുമാര്‍, സിദ്ധിഖ്‌, മധു വാര്യര്‍, ജഗദീഷ്‌, സൈജു കുറുപ്പ്‌, ഗണേഷ്‌ കുമാര്‍, റിസബാവ, കിരണ്‍ രാജ്‌, സ്ഫടികം ജോര്‍ജ്‌, മോഹന്‍രാജ്‌, സുരാജ്‌ വെഞ്ഞാറമ്മൂട്‌, അബു സലിം സംവൃതാ സുനില്‍, മായാ വിശ്വനാഥ്‌, അംബിക കൊല്ലം, ഫാത്തിമ ബാബു, അംബികാ മോഹന്‍, ശ്രുതി ജോണ്‍, ദേവി ചന്ദന, മിനി അരുണ്‍, രമാ ദേവി, കീര്‍ത്തി നിര്‍മല്‍ തുടങ്ങിയവരാണ്‌ മറ്റ്‌ പ്രധാന താരങ്ങളെ അവതരിപ്പിക്കുന്നത്‌.


അഡ്വ. ശിവരാമന്‍
‍ജീവിതത്തിലേക്ക്‌ വഴിതെറ്റിവന്ന യാത്രക്കാരനെപ്പോലെയാണ്‌ ശിവരാമന്‍. അതുകൊണ്ട്‌ അലസനും ലക്ഷ്യമില്ലാത്തവനുമായാണ്‌ കഴിയുന്നത്‌. അഡ്വക്കേറ്റാണെങ്കിലും കോടതിയും കേസുമൊക്കെ ശിവരാമനെ സംബന്ധിച്ചിടത്തോളം വെറും നിസാരം. രണ്ട്‌ പെഗ്‌ കഴിക്കുന്നതോടെയാണ്‌ ശിവരാമന്റെ ഓരോ ദിവസവും ആരംഭിക്കുന്നതുതന്നെ. ശിവരാമന്റെ ഈ കുടിമൂലം ഏറ്റവും കൂടുതല്‍ ദുരിതം അനുഭവിക്കുന്നത്‌ ചാണ്ടിയാണ്‌. ദിവസവും മദ്യപിച്ച്‌ ബോധംകെട്ട്‌ എവിടെയെങ്കിലും കിടക്കുന്ന ശിവരാമനെ വീട്ടിലെത്തിക്കുന്ന ചാണ്ടിയുടെ ദൗത്യം അത്രയ്ക്ക്‌ ചെറുതൊന്നുമല്ല. പണിയുടെ ഭാരം കുറയ്ക്കാന്‍ തന്റെ ബൈക്കില്‍ ശിവരാമനെ ഇരുത്താന്‍ പ്രത്യേക സംവിധാനം ഉണ്ടാക്കിയിട്ടുണ്ട്‌. അങ്ങനെ ഓരോ ദിവസവും തമാശകളാക്കി തള്ളിവിടുന്ന ശിവരാമന്റെ സെല്‍ ഫോണിലേക്ക്‌ ഒരു പെണ്‍കുട്ടിയുടെ ഹലോ ശബ്ദം കേള്‍ക്കുന്നു. അതും വഴിതെറ്റിവന്ന വിളിയാണ്‌. പക്ഷേ, ആ വിളിയുടെ ഉറവിടംതേടി ശിവരാമന്‍ പോകേണ്ടിവരുന്നു. ആ സ്ത്രീ ആരാണെന്നറിയാതെ.

തുടര്‍ന്നുണ്ടാകുന്ന ശിവരാമന്റെ ജീവിതത്തിലെ സംഭവവികാസങ്ങളാണ്‌ 'ഹലോ'യിലൂടെ റാഫി മെക്കാര്‍ട്ടിന്‍ ദൃശ്യവത്കരിക്കുന്നത്‌. ജഗതി ശ്രീകുമാറാണ്‌ ചാണ്ടിയായി എപ്പോഴും ശിവരാമന്റെ കൂടെയുള്ളത്‌. മലബാര്‍ ഗോള്‍ഡിന്റെ പരസ്യചിത്രങ്ങളില്‍ മോഹന്‍ലാലിനോടൊപ്പം അഭിനയിച്ച പാര്‍വതി മില്‍ട്ടണ്‍ 'ഹലോ'യില്‍ പാര്‍വതി എന്ന കഥാപാത്രത്തെയാണ്‌ കൈകാര്യംചെയ്യുന്നത്‌. സംഗീതത്തിനു പ്രാധാന്യം നല്‍കുന്ന ഈ ചിത്രത്തില്‍ വയലാര്‍ ശരത്ചന്ദ്രവര്‍മ എഴുതി അലക്സ്‌ പോള്‍ ഈണമിട്ട നാല്‌ ഗാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്‌.

മിഷന്‍ 90 ഡേയ്സ്‌

ലോക മനസാക്ഷിയെ ഒന്നടങ്കം ഞെട്ടിച്ച രാജീവ്‌ ഗാന്ധി വധക്കേസിന്റെ പശ്ചാത്തലത്തില്‍ മേജര്‍ രവി തിരക്കഥയെഴുതി സംവിധാനംചെയ്യുന്ന മിഷന്‍ 90 ഡെയ്സ്‌ എന്ന ചിത്രത്തിന്റെ ചിത്രീകരണം കൊച്ചിയില്‍ ആരംഭിച്ചു. കീര്‍ത്തിചക്രയുടെ വന്‍ വിജയത്തിനുശേഷം മേജര്‍ രവി ഒരുക്കുന്ന മിഷന്‍ 90 ഡെയ്സില്‍ മമ്മൂട്ടിയാണ്‌ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്‌.

ശ്രീ ഉത്തൃട്ടാതി ഫിലിംസ്‌ പ്രൈവറ്റ്‌ ലിമിറ്റഡിന്റെ ബാനറില്‍ ശശി അയ്യന്‍ചിറ നിര്‍മിക്കുന്ന ഈ ചിത്രത്തില്‍ ലാലു അലക്സ്‌, കൊച്ചിന്‍ ഹനീഫ, കലാഭവന്‍ മണി, ഇന്നസെന്റ്‌, ബാബുരാജ്‌, അബു സലിം, കിരണ്‍ രാജ്‌, രവി മറിയ, ഋഷിരാജ്‌ സിംഗ്‌, സഞ്ജന സിന്‍ഹ, ഫരീദാ, ദേവി, ട്രസ്റ്റീന തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

മുന്‍ പ്രധാനമന്ത്രി രാജീവ്‌ ഗാന്ധിയുടെ അതിദാരുണമായ വധത്തെത്തുടര്‍ന്ന്‌ രാഷ്ട്രീയ പ്രമുഖരും ഭരണകര്‍ത്താക്കളും ഉയര്‍ന്ന ഉദ്യോഗസ്ഥരും ഒറ്റക്കെട്ടായി ശക്തിയായി ആവശ്യപ്പെട്ട കാര്യമായിരുന്നു ഇതിന്റെ കേസന്വേഷണം സ്പെഷല്‍ ടീമിനെക്കൊണ്ടായിരിക്കണമെന്ന്‌. കാരണം ശക്തിയും ബുദ്ധിയും അതിനുപരി ആയുധങ്ങളുമുള്ള തീവ്രവാദികളെ നേരിടാന്‍ അതിനെ പ്രതിരോധിക്കാന്‍ കഴിയുന്നവര്‍തന്നെയായിരിക്കണെന്ന അടിസ്ഥാനത്തിലാണ്‌ രാജീവ്‌ ഗാന്ധി വധക്കേസിലെ പ്രതികളെ കണെ്ടത്താന്‍ നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡിനെ നിയോഗിച്ചത്‌.ഡിഐജി രാജുവിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒരു സംഘം മിടുക്കരായ നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡിലെ ധീരനായ പട്ടാളക്കാരനാണ്‌ മേജര്‍ ശിവ്‌റാം. ഇവര്‍ ഒരുക്കുന്ന തന്ത്രപരമായ നീക്കങ്ങളിലൂടെ ശക്തിയും ബുദ്ധിയും പ്രയോഗിച്ച്‌ 90 ദിവസംകൊണ്ട്‌ തങ്ങളുടെ ദൗത്യം പൂര്‍ണമാക്കുമ്പോള്‍ അനുഭവിക്കേണ്ടിവരുന്ന സാഹസികതയാര്‍ന്ന നിമിഷങ്ങളും മാനസിക സംഘര്‍ഷങ്ങളുമാണ്‌ മിഷന്‍ 90 ഡെയ്സില്‍ ചിത്രീകരിക്കുന്നത്‌. പ്രതിയായ ശിവരസനെ പിടികൂടുന്നതിനുമുമ്പ്‌ ഒട്ടേറെ കുറ്റവാളികളുടെ പരമ്പരയെത്തന്നെ മറികടന്നാണ്‌ തങ്ങള്‍ക്ക്‌ ലക്ഷ്യസ്ഥാനത്ത്‌ എത്താന്‍ കഴിഞ്ഞത്‌. അതിന്‌ ഏറ്റവും സഹായകമായത്‌ ഡിഐജിയുടെ ബുദ്ധിയും മേജര്‍ ശിവ്‌റാമിന്റെ ശക്തിയുമായിരുന്നു. ഒരു മേലുദ്യോഗസ്ഥന്‍ എന്നതിനുപരി പലപ്പോഴും മേജര്‍ ശിവ്‌രാമിനെ രാജു ശ്രദ്ധിച്ചിരുന്നു. അത്രയ്ക്ക്‌ മാനസികബന്ധം രാജുവും ശിവ്‌റാമും തമ്മിലുണ്ടായിരുന്നു. രണ്ട്‌ ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ സൗഹൃദത്തിന്റെ ശക്തിയും അതുമൂലം നേടാന്‍കഴിഞ്ഞ ലക്ഷ്യപ്രാപ്തിയുമാണ്‌ ഈ ചിത്രത്തിലൂടെ മേജര്‍ രവി ചിത്രീകരിക്കുന്നത്‌.

മേജര്‍ ശിവ്‌റാമിനെ മമ്മൂട്ടി അവതരിപ്പിക്കുമ്പോള്‍ ഡിഐജി രാജുവായി ലാലു അലക്സ്‌ അഭിനയിക്കുന്നു. വളരെ സാഹസികവും കാര്യക്ഷമവുമായ പരിശ്രമത്തിലൂടെ രാജീവ്‌ ഗാന്ധി വധക്കേസിലെ പ്രതിയായ ശിവരശനെ പിടികൂടിയെങ്കിലും സാധാരണ ജനങ്ങള്‍ക്ക്‌ അറിയാന്‍ കഴിയാത്ത കാര്യങ്ങള്‍ ഈ സിനിമയിലൂടെ പ്രേക്ഷകരെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുകയാണ്‌ സംവിധായകന്‍ മേജര്‍ രവി.വയലാര്‍ ശരത്ചന്ദ്രവര്‍മ എഴുതി, ആനച്ചന്തത്തിലൂടെ ശ്രദ്ധേയനായ ജെക്സണ്‍ ജെ. നായര്‍ സംഗീതസംവിധാനം നിര്‍വഹിച്ച ഗാനമാണ്‌ ഈ ചിത്രത്തില്‍ ഉള്ളത്‌. കീര്‍ത്തിചക്രയുടെ ഛായാഗ്രാഹകന്‍ തിരുതന്നെയാണ്‌ മിഷന്‍ 90 ഡെയ്സിന്റെ കാമറ കൈകാര്യം ചെയ്യുന്നത്‌.സംഭാഷണം- ഷിജു നമ്പ്യത്ത്‌, മേക്കപ്പ്‌- സുദേവന്‍ സ്റ്റില്‍സ്‌- രാമലിംഗം, പരസ്യകല- രമേശ്‌ എം. ചാനല്‍, എഡിറ്റര്‍- ജയശങ്കര്‍, ഓഫീസ്‌ നിര്‍വഹണം- കെ.ആര്‍. മണി, പ്രൊഡക്ഷന്‍ മാനേജര്‍- രാജേഷ്‌, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്‌- ബാദുഷ, ആന്റണി ഇരിങ്ങാലക്കുട, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- കണ്ണന്‍ പട്ടാമ്പി. കൊച്ചി, മദ്രാസ്‌, ബാംഗളൂര്‍ എന്നിവിടങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയാകുന്നു.