ഹലോ
മലയാള സിനിമയിലെ ഏത് എഴുത്തുകാരുടെയും അടങ്ങാത്ത ആഗ്രഹമാണ് പ്രതിഭകളായ അഭിനേതാക്കള്‍ കേന്ദ്രകഥാപാത്രങ്ങളാകുന്ന പ്രമേയം കണെ്ടത്തുകയെന്നത്. ജീവിതത്തിന്റെ സങ്കീര്‍ണത നാടകീയ മുഹൂര്‍ത്തങ്ങള്‍ക്കൊപ്പം നര്‍മത്തില്‍ ചാലിച്ചെടുത്ത് ഒട്ടേറെ തിരക്കഥകള്‍ക്കെഴുതി തുടര്‍ന്ന് സംവിധായകരാവുകയും ചെയ്ത റാഫി മെക്കാര്‍ട്ടിന്റെ സ്വപ്നവും അതുതന്നെയായിരുന്നു.
ഒരു നിയോഗംപോലെ മനസിലെത്തിയ കഥാതന്തുവും കഥാപാത്രവും മലയാളത്തിലെ അഭിനയസാമ്രാട്ടായ മോഹന്‍ലാലിനെ ഏറെ അനുയോജ്യമാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ ഉണ്ടായ ആഹ്ലാദത്തിന് അതിരുണ്ടായിരുന്നില്ല. ഒട്ടും വൈകിയില്ല. കഥാപാത്രത്തിന്റെ സ്വഭാവവിശേഷവും മറ്റും മോഹന്‍ലാലിനെ കണ്ട് അറിയിക്കുന്നു. അങ്ങനെ റാഫി മെക്കാര്‍ട്ടിന്റെ ശിവരാമന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാമെന്ന് സമ്മതിക്കുന്നു.റാഫി മെക്കാര്‍ട്ടിന്റെ ആഗ്രഹം സഫലമാകുകയാണ്.
മോഹന്‍ലാലിനെ നായകനാക്കി റാഫി മെക്കാര്‍ട്ടിന്‍ തിരക്കഥയെഴുതി സംവിധാനംചെയ്യുന്ന ചിത്രമാണ് 'ഹലോ'. ഒറ്റപ്പാലത്ത് ചിത്രീകരണം ആരംഭിക്കുകയും ഇപ്പോള്‍ ഊട്ടിയില്‍ ഷൂട്ടിംഗ് പുരോഗമിക്കുകയും ചെയ്യുന്ന 'ഹലോ'യില്‍ പ്രശസ്ത പരസ്യമോഡലും താരവുമായ പാര്‍വതി മില്‍ട്ടനാണ് നായികയായി പ്രത്യക്ഷപ്പെടുന്നത്.ജിതിന്‍ ആര്‍ട്സിന്റെ ബാനറില്‍ ജോയ് ശക്തികുളങ്ങര നിര്‍മിക്കുന്ന ഈ ചിത്രത്തില്‍ മധു, ജഗതി ശ്രീകുമാര്‍, സിദ്ധിഖ്, മധു വാര്യര്‍, ജഗദീഷ്, സൈജു കുറുപ്പ്, ഗണേഷ് കുമാര്‍, റിസബാവ, കിരണ്‍ രാജ്, സ്ഫടികം ജോര്‍ജ്, മോഹന്‍രാജ്, സുരാജ് വെഞ്ഞാറമ്മൂട്, അബു സലിം സംവൃതാ സുനില്‍, മായാ വിശ്വനാഥ്, അംബിക കൊല്ലം, ഫാത്തിമ ബാബു, അംബികാ മോഹന്‍, ശ്രുതി ജോണ്‍, ദേവി ചന്ദന, മിനി അരുണ്‍, രമാ ദേവി, കീര്‍ത്തി നിര്‍മല്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങളെ അവതരിപ്പിക്കുന്നത്.
അഡ്വ. ശിവരാമന്‍
ജീവിതത്തിലേക്ക് വഴിതെറ്റിവന്ന യാത്രക്കാരനെപ്പോലെയാണ് ശിവരാമന്‍. അതുകൊണ്ട് അലസനും ലക്ഷ്യമില്ലാത്തവനുമായാണ് കഴിയുന്നത്. അഡ്വക്കേറ്റാണെങ്കിലും കോടതിയും കേസുമൊക്കെ ശിവരാമനെ സംബന്ധിച്ചിടത്തോളം വെറും നിസാരം. രണ്ട് പെഗ് കഴിക്കുന്നതോടെയാണ് ശിവരാമന്റെ ഓരോ ദിവസവും ആരംഭിക്കുന്നതുതന്നെ. ശിവരാമന്റെ ഈ കുടിമൂലം ഏറ്റവും കൂടുതല്‍ ദുരിതം അനുഭവിക്കുന്നത് ചാണ്ടിയാണ്. ദിവസവും മദ്യപിച്ച് ബോധംകെട്ട് എവിടെയെങ്കിലും കിടക്കുന്ന ശിവരാമനെ വീട്ടിലെത്തിക്കുന്ന ചാണ്ടിയുടെ ദൗത്യം അത്രയ്ക്ക് ചെറുതൊന്നുമല്ല. പണിയുടെ ഭാരം കുറയ്ക്കാന്‍ തന്റെ ബൈക്കില്‍ ശിവരാമനെ ഇരുത്താന്‍ പ്രത്യേക സംവിധാനം ഉണ്ടാക്കിയിട്ടുണ്ട്. അങ്ങനെ ഓരോ ദിവസവും തമാശകളാക്കി തള്ളിവിടുന്ന ശിവരാമന്റെ സെല്‍ ഫോണിലേക്ക് ഒരു പെണ്‍കുട്ടിയുടെ ഹലോ ശബ്ദം കേള്‍ക്കുന്നു. അതും വഴിതെറ്റിവന്ന വിളിയാണ്. പക്ഷേ, ആ വിളിയുടെ ഉറവിടംതേടി ശിവരാമന്‍ പോകേണ്ടിവരുന്നു. ആ സ്ത്രീ ആരാണെന്നറിയാതെ.
തുടര്‍ന്നുണ്ടാകുന്ന ശിവരാമന്റെ ജീവിതത്തിലെ സംഭവവികാസങ്ങളാണ് 'ഹലോ'യിലൂടെ റാഫി മെക്കാര്‍ട്ടിന്‍ ദൃശ്യവത്കരിക്കുന്നത്. ജഗതി ശ്രീകുമാറാണ് ചാണ്ടിയായി എപ്പോഴും ശിവരാമന്റെ കൂടെയുള്ളത്. മലബാര്‍ ഗോള്‍ഡിന്റെ പരസ്യചിത്രങ്ങളില്‍ മോഹന്‍ലാലിനോടൊപ്പം അഭിനയിച്ച പാര്‍വതി മില്‍ട്ടണ്‍ 'ഹലോ'യില്‍ പാര്‍വതി എന്ന കഥാപാത്രത്തെയാണ് കൈകാര്യംചെയ്യുന്നത്. സംഗീതത്തിനു പ്രാധാന്യം നല്‍കുന്ന ഈ ചിത്രത്തില്‍ വയലാര്‍ ശരത്ചന്ദ്രവര്‍മ എഴുതി അലക്സ് പോള്‍ ഈണമിട്ട നാല് ഗാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്.